തളിപ്പറമ്പ് : സംസ്ഥാനത്ത് വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ മൂന്ന് മരണം. തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെഎസ്‌ഇബി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്.തൃച്ചംബരം ക്ഷേത്രചിറയ്ക്കു സമീപം ജോലിചെയ്യുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരന്‍, തലശ്ശേരി സെക്ഷനിലെ മസ്ദൂര്‍ ആയ മംഗലശശ്ശേരി ചാലത്തൂരിലെ പി.പി.രാജീവന്‍(42) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. പഴയ വൈദ്യുതി കമ്പികള്‍ മാറ്റി പുതിയവ കെട്ടുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
വൈദ്യുതി തൂണിനു താഴെ നിന്നായിരുന്നു സംഭവം. തെറിച്ചു വീണ രാജീവനെ മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി വിച്ഛേദിച്ചാണ് ജോലി ചെയ്തതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇലക്‌ട്രിസിറ്റി ഓഫീസിലെ ഉന്നത ഉദ്യോഗസഥര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.
പരേതനായ റിട്ട. പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: അഭിനന്ദ്, ഋതുല്‍.
തൃശൂരിലെ മൂര്‍ക്കനാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകളാണ് മരിച്ചത്. ശിവക്ഷേത്രത്തിനു സമീപത്തെ പാടത്തില്‍ പണി ചെയ്യുന്നതിനിടെയാണ് സംഭവം. പാലക്കാട് സ്വദേശികളായ സ്ത്രീകളാണ് മരിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *