കൊച്ചി: വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കീഴ്‌ക്കോടതി വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ വെറുതെവിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
അറസ്റ്റ് ചെയ്ത് പ്രതികളെ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും, ജാമ്യത്തില്‍ വിടണമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. പാലക്കാട് ജില്ലാ പോക്‌സോ കോടതിയാണ് കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. എന്നാല്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് ഇതിനുകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇതേ കാര്യം ഉന്നയിച്ച് അപ്പീല്‍ നല്‍കിയിരുന്നു.
2020-03-16


വാളയാർ കേസ് കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാൻ നടപടിയുണ്ടാവണം. അറിഞ്ഞേടത്തോളം കാര്യങ്ങൾ വെച്ച് കേസിൽ പ്രബലന്മാരായ യഥാർത്ഥ പ്രതികൾ മറഞ്ഞിരിക്കുകയാണ് എന്ന സംശയമാണ് വെളിപ്പെടുന്നത് . ആ പ്രബലന്മാരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി കേസന്വേഷണ ഉദ്യോഗസ്ഥരും സർക്കാർ വക്കീലന്മാരും പ്രതിഭാഗം വക്കീലന്മാരും ഒത്തുകളിക്കുകയും അതിന് കോടതി തന്നെ പിന്തുണ നൽകുകയും ചെയ്തിരിക്കയാണ്. കുട്ടികളുടെ രക്ഷാകർത്താക്കളും കോടതിയിൽ സ്വീകരിച്ച നിലപാട് മറഞ്ഞിരിക്കുന്ന പ്രബലന്മാരെ രക്ഷപ്പെടുത്തുന്നതിന് എന്തോ സ്വാധീനത്തിന് വഴങ്ങി എന്ന സംശയം നിലനിൽക്കുകയാണ്. പ്രബലന്മാരെ രക്ഷപ്പെടുത്തി ചെറിയ ഇരകളെ പിടികൂടി വിചാരണ ചെയ്യുകയും അവരെ കോടതി വെറുതെ വിടുന്ന രീതിയിൽ ചാർജ് ഷീറ്റും വിസ്താരവും ഉണ്ടാക്കി ആസൂത്രിതമായി കേസ് അട്ടിമറിച്ചു എന്ന സ്ഥിതി നിലനിൽക്കെ ചെറിയ പരൽ മീനുകളെ പിടി കൂടിയത് കൊണ്ട് കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കില്ല.