കോഴിക്കോട്: പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്‌ക്കാരവും ജുമുഅയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വരെ നിര്‍ത്തിവെക്കാന്‍ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്റ് ടി.പി.എം. സാഹീറും സെക്രട്ടറി പി.എം. കരീമും അറിയിച്ചു,
കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയില്‍ വ്യാഴാഴ്ച മുതല്‍ സുബ്ഹി നമസ്‌ക്കാരം മുതല്‍ പ്രാര്‍ഥന നിര്‍ത്തിവെക്കുന്നത്.
പൊതുനമസ്‌ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു നേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്റ്, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ മാത്രം നമസ്‌ക്കാരം നിര്‍വഹിക്കും.
കോവിഡ് – 19 വൈറസ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ ഭരണകൂടം മത-സാമുദായിക സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇതിനു ശേഷമാണ് കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളിലൊന്നായ പട്ടാള പള്ളിയില്‍ തല്‍ക്കാലം ജമാഅത്ത്, ജുമുഅ നമസ്‌ക്കാരം നിര്‍ത്തിവെക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *