മലപ്പുറം : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഒപി വിഭാഗത്തിൽ പുനഃക്രമീകരണങ്ങൾ വരുത്തി കോവിഡ് ഐസൊലേഷൻ വാർഡ് സജ്ജമാക്കി.പ്രതിരോധ ഉപകരണങ്ങൾക്ക് ആവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്ത് നൽകും. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ആശുപത്രിയിൽ അടിയന്തര യോഗം വിളിച്ചു.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ യോഗം തീരുമാനിച്ചു. പേ വാർഡ് പൂർണമായും കോവിഡ് -19 വൈറസ് ബാധ സംശയിക്കുന്നവർക്കായി ഒരുക്കി. ടിക്കറ്റ് കൗണ്ടറിൽ വരുന്ന രോഗികളെ പ്രത്യേക ചോദ്യാവലിയുടെയും പ്രാഥമിക പരിശോധനയുടെയും അടിസ്ഥാനത്തിൽമാത്രമേ ഒപിയിലേക്കും കാഷ്വാലിറ്റിയിലേക്കും പ്രവേശിപ്പിക്കുകയുള്ളു. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ആശുപത്രി വിട്ട് ദൂരെ പോവില്ല. ഏതുസമയത്തും വിളിപ്പുറത്ത് ലഭ്യമാവും വിധം ആശുപത്രിയിലും പരിസരത്തും ഉണ്ടാവുമെന്നും അറിയിച്ചു.
2020-03-26

