പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികളുമായി ശനിയാഴ്ച മൂന്ന് വിമാനങ്ങള്‍ കൂടി കേരളത്തിലെത്തും. കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, ഖത്തര്‍-കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക.
ശനിയാഴ്ച രാത്രി 9.15നാണ് കുവൈത്ത്-കൊച്ചി വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്കത്ത്-കൊച്ചി വിമാനം രാത്രി 8.50നും ഖത്തര്‍-കൊച്ചി വിമാനം പുലര്‍ച്ചെ രണ്ടിനും എത്തും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ യാത്രക്കാരെയും മുന്‍കൂട്ടി നിശ്ചയിച്ച ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങി ക്വാറന്‍റീനില്‍ കഴിയാം.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ച ശേഷം നാല് വിമാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയത്. വ്യാഴാഴ്ച അബുദബി, ദുബൈ എന്നിവിടങ്ങളില്‍നിന്നും വെള്ളിയാഴ്ച റിയാദില്‍നിന്നും ബഹ്റൈനില്‍നിന്നും വിമാനമെത്തിയിരുന്നു. റിയാദ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നായി 329 പേരാണ് ശനിയാഴ്ച എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *