തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും ഒരു കേരളീയന് മുന്നിലും ഇക്കാരണത്താല്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രോഗബാധിതര്‍ വര്‍ധിക്കുന്നത് ഗൗരവകരമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. പരിഭ്രമിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാന്‍ നാം തയാറല്ല. എല്ലാവര്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും നല്‍കും. അവര്‍ക്കുകൂടി അവകാശപ്പെട്ട നാട്ടിലേക്ക് പ്രവാസികള്‍ വരുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.
കേരളത്തിലേക്ക് വരുന്നവരില്‍ അത്യാസന്ന നിലയിലായ രോഗികള്‍ ഉണ്ടായേക്കാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പടെ തയാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക.
അതേസമയം, ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകള്‍. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020-05-22
