ഈ വർഷം അധ്യയന ദിനങ്ങള്‍ 100 മാത്രം

ന്യൂഡല്‍ഹി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ 220 ദിവസത്തില്‍നിന്ന് 100 ദിവസമായി വെട്ടിക്കുറയ്ക്കും. ഒരോ അധ്യയന വര്‍ഷവും 1320 മണിക്കൂര്‍ സ്‌കൂളില്‍ അധ്യയനം നടത്തണമെന്ന വ്യവസ്ഥമാറ്റി 600 മണിക്കൂര്‍ സ്‌കൂളിലും 600 മണിക്കൂര്‍ വീടുകളിലും അധ്യയനമെന്ന വ്യവസ്ഥയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നടപ്പിലാക്കുക.
ഒരു ക്ലാസില്‍ 15-20 കുട്ടികള്‍ മാത്രമേ ഉണ്ടാകാന്‍ പാടുകയുള്ളൂ. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ട് ബാച്ചാക്കാനും ഒരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയും വേണം.
ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കുമാത്രമേ ക്ലാസ് നടത്താവൂ.
ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളവര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസവും, ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസുകാര്‍ക്ക് രണ്ട്മുതല്‍ നാലുദിവസം വരെയും, ഒന്‍പതുമുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് നാല്മുതല്‍ അഞ്ച് ദിവസം വരെയുമായിരിക്കും ക്ലാസ്. പരീക്ഷാ നടത്തിപ്പിലും മാറ്റങ്ങള്‍ ഉണ്ടാകും.
ഓരോ വര്‍ഷവും 120 മണിക്കൂര്‍ അഥവാ 20 അധ്യയന ദിവസം സ്‌കൂളിലോ വീട്ടിലോവച്ച്‌ ഡോക്ടര്‍മാരോ മനഃശാസ്ത്ര വിദഗ്ധരോ കുട്ടികള്‍ക്ക് കൗണ്‍സില്‍ നല്‍കണമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന്ടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *