രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്ഥാനില്‍ കാണാതായി. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടു വരികയാണ്. രാവിലെ എട്ട് മണി മുതലാണ് ഇവര്‍ എവിടെയാണെന്നതിനെ കുറിച്ച്‌ യാതൊരു വിവരവുമില്ലാത്തത്. മെയ് 31ന് രണ്ട് പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാര പ്രവൃത്തിക്ക് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവരെ മടക്കി അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മാത്രമല്ല ഇന്ത്യ എടുത്ത നിലപാടിനോടുള്ള തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ കയറ്റി അയക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വന്നിരിക്കുന്നത്.  സംഭവത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. അടിയന്തിര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *