കിഷന്‍ഗഞ്ച്: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്ക്. അതിര്‍ത്തി ഗ്രാമമായ കൃഷ്‌ണഗഞ്ചിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് നേരെ നേപ്പാള്‍ പൊലീസ് വെടിയുതിര്‍ത്തുവെന്നാണ് വിവരം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൃഷ്‌ണഗഞ്ച് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജിതേന്ദ്ര കുമാര്‍ സിങ്, അങ്കിത് കുമാര്‍ സിങ്, ഗുല്‍ഷന്‍ കുമാര്‍ സിങ് എന്നിവര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന പോലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ജിതേന്ദ്ര കുമാര്‍ സിങ്ങിനാണ് വെടിയേറ്റതെന്നും പ്രദേശ വാസികള്‍ പറയുന്നു.
സീതാമര്‍ഹി ജില്ലയോട് ചേര്‍ന്ന് അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പൊലീസ് ഉതിര്‍ത്ത വെടിയേറ്റ് ജൂണ്‍ 12 ന് രണ്ട് പേര്‍ മരിച്ചിരുന്നു. ബിഹാറിലെ പിപ്ര പര്‍സന്‍ പഞ്ചായത്തിലെ ലാല്‍ബണ്ടി – ജാനകി നഗര്‍ അതിര്‍ത്തിയിലാണ് ഈ സംഭവം നടന്നത്. പാടത്ത് പണിയെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ഒരാളെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *