ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിയുന്നു. ഓഗസ്റ്റ് 24ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവ് വരണമെന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതേതുടര്‍ന്ന് സോണിയ ഗാന്ധിയെ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി നിയമിക്കുകയായിരുന്നു. ഇടക്കാല അധ്യക്ഷ സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോഴാണ് സോണിയ ഗാന്ധി സ്ഥാനമൊഴിയുന്നത്.
പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന നിലപാടാണ് ഒരു വിഭാഗത്തിന്. അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ പുറത്ത് നിന്ന് മതിയെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.
2020-08-23

