പാണ്ടിക്കാട് : എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ എതിർപ്പിനെത്തുടർന്ന് പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു റോഡിന്റെ ഉദ്ഘാടനം നടന്നത് രണ്ട് തവണ. ഏഴാം വാർഡിൽപ്പെട്ട ചെമ്പ്രശ്ശേരി-നെല്ലിക്കുന്ന് റോഡിന്റെ ഉദ്ഘാടനമാണ് രണ്ട് തവണ നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഇടത് പ്രതിനിധിയായ വാർഡംഗം ടി. ശ്രീദേവിയും, വൈകീട്ട് യു.ഡി.എഫ്. പ്രതിനിധിയായ അഡ്വക്കറ്റ് എം. ഉമ്മർ എം.എൽ.എയും പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. പണിക്ക് ഫണ്ട് അനുവദിക്കപ്പെട്ടത് സി.പി.എം. അംഗമായ ടി. ശ്രീദേവിയുടെയും, പാർട്ടി നേതൃത്വത്തിന്റേയും പരിശ്രമഫലമായിട്ടാെണന്നാണ് ആദ്യം ഉദ്ഘാടനം നിർവഹിച്ചവരുടെ വാദം. രണ്ടാമത് എത്തിയവരാകട്ടെ എം.എൽ.എയുടെ പരിശ്രമമാണ് റോഡിന് തുക വകയിരുത്താൻ കാരണമായതെന്നും അവകാശപ്പെട്ടു.ഇരുവരുടെയും രാഷ്ട്രീയകളികൾ കണ്ടു അന്തം വിട്ടിരിക്കുകയാണ് നാട്ടുകാർ
2020-10-26

