ഡയറിഫാമിനെതിരെ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി ഉടമയിൽ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ഭുവനേശ്വർ ഡിസിപി ഉമാശങ്കർ ദാഷ് വാർത്താമ്മേളനത്തിൽ അറിയിച്ചു. മാധ്യമപ്രവർത്തകരെല്ലാവരും ഒരു വെബ് ന്യൂസ് ചാനലിലുള്ളവരാണ്.  പരാതിക്കാരനിൽ നിന്ന് 1.64 ലക്ഷം രൂപ തട്ടിയെടുത്തു.ഇതിൽ 24,000 രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു. തങ്ങളുടെ വെബ്സൈറ്റിൽ മോശമായി വാർത്തനൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.”- കമ്മീഷണർ പറഞ്ഞു. ഏഴ് മാധ്യമപ്രവർത്തകർക്കെതിരെയാണ് ഡയറി ഫാം ഉടമ പരാതി നൽകിയത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തെറ്റായ വാർത്ത നൽകുമെന്നും ഡയറി ഫാം റെയ്ഡ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ആദ്യം 99,000 രൂപയും പിന്നീട് 31,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി. രണ്ടുകാറുകളും നാല് ബൈക്കുകളും പൊലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ വെബ് ചാനലിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *