കോഴിക്കോട്: അര്‍ബുദ രോഗിയായ ഭാര്യക്ക് ചികിത്സ ലഭ്യമാക്കാന്‍ അമേരിക്കയിലേക്ക് പോയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ഡി വിദ്യാര്‍ഥിയായ സീനിയര്‍ റെസിഡന്റിന് സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് തടഞ്ഞ സ്റ്റൈപ്പന്‍ഡ് ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
ഗര്‍ഭിണിയായിരിക്കെയാണ് ഡോക്ടറുടെ ഭാര്യക്ക് അര്‍ബുദം പിടിപെട്ടത്. പിന്നീട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. തുടര്‍ന്നാണ് 144 ദിവസത്തെ അവധിയെടുത്ത് ഡോക്ടര്‍ ഭാര്യക്കൊപ്പം യു.എസ്.എയിലേക്ക് പോയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തോടെയായിരുന്നു ഭാര്യയുടെ ചികിത്സക്കുള്ള വിദേശയാത്ര. അവധിയെടുക്കുന്ന ദിവസങ്ങള്‍ക്ക് പകരം ജോലി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. കമീഷന് മെഡിക്കല്‍ കോളജ് സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി. 45 ദിവസത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ സ്റ്റൈപ്പന്‍ഡ് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സൂപ്രണ്ടിെന്റ നിലപാട്. എന്നാല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മറികടന്ന് സ്റ്റൈപ്പന്‍ഡ് നല്‍കാതിരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് കമീഷന് ഉത്തരവില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സ്റ്റൈപ്പന്‍ഡ് നല്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന് ആവശ്യപ്പെട്ടു.
