എന്ത് കൊറോണ ! എല്‍.ഡി.എഫ്. വിജയത്തില്‍ ഡി.വൈ.എഫ്.ഐയുടെ ഡി.ജെ.പാര്‍ട്ടി; വെട്ടിലായി ഡി.വൈ.എഫ്.ഐ

തൊടുപുഴ: ഇടുക്കി ഉടുമ്പന്നൂര്‍ ടൗണില്‍ എല്‍.ഡി.എഫ്. വിജയാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡി.ജെ. പാര്‍ട്ടി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ഡി.ജെ. ആഘോഷത്തില്‍ നിരവധിപ്പേരാണ് പങ്കെടുത്തത്. ജില്ലയില്‍ ഒട്ടാകെ എല്‍.ഡി.എഫിനുണ്ടായ വലിയ വിജയം ആഘോഷിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. നിരവധി യുവാക്കളാണ് ഡി.ജെയ്ക്ക് എത്തിയത്. കൊടികള്‍ വീശുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാരില്‍ ചിലര്‍ ഇത് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഇരു കൂട്ടരും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇരുന്നൂറോളം യുവാക്കളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ. ഉടുമ്പന്നൂര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഡി.ജെയുടെ ദൃശ്യങ്ങള്‍ അവര്‍ തന്നെ അപ്‌ലോഡ് ചെയ്യുകായായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *