ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായ പശ്ചാത്തലത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചതിനു പിന്നാലെ പോലീസ് ഗുരുവായൂരില്‍ മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ദേവസ്വം ലാന്റ് ഫോണിലേക്കും ഭീഷണി വന്നതത്രെ.ഇതേ തുടര്‍ന്ന് പോലീസ് കര്‍ശന പരിശോധന തുടര്‍ന്നു വരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി സൈബര്‍ സെല്ലും അന്വേഷണം നടത്തിവരുന്നു.ക്ഷേത്രത്തിനകത്തും പുറത്തും കഴിഞ്ഞ ദിവസം പുലര്‍ച്ചെവരെ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ടെമ്ബിള്‍ എസ്.എച്ച്‌.ഒ. സി. പ്രേമാനന്ദകൃഷ്ണന്‍ പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും ബോംബ് ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് മിന്നല്‍ പരിശോധന നടത്തി.

വൈകിട്ട് ആറോടെയാണ് തിരുവനന്തപുരം പോലീസ് അലര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. തിരുവനന്തപുരത്തുനിന്നു വിവരം ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസിന് കൈമാറുകയായിരുന്നു.മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ സുജ എന്ന സ്ത്രീ ഗുരുവായൂരിലെത്തിയിട്ടുണ്ടെന്നായിരുന്നു കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം.തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്ബിള്‍ എസ്.എച്ച്‌.ഒ. സി. പ്രേമാന്ദകൃഷ്ണന്‍, ബോംബ് സ്‌ക്വാഡിലെ ജില്ലയുടെ ചുമതലയുള്ള എസ്.ഐ. വിനയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പോലീസുകാര്‍ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *