മ്യൂണിച്ച്‌: കൊക്കക്കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോ വൈറലായതിനു പിന്നാലെ, സമാനമായ നടപടിയുമായി ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയും. മുന്നിലിരുന്ന ബിയര്‍ കുപ്പി എടുത്തുമാറ്റിയിരിക്കുകയാണ് പോഗ്ബ.

ജര്‍മനിക്കെതിരായ മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുന്നിലുള്ള ഹെനേകന്‍ കമ്ബനിയുടെ ബിയര്‍ കുപ്പി പോഗ്‌ബോ എടുത്തു മാറ്റിയത്. യൂറോയുടെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ് ഹെനേകന്‍. പോഗ്ബയ്ക്ക് മുമ്ബില്‍ കോളയുടെ രണ്ട് കുപ്പികളും ഒരു ബിയര്‍ കുപ്പിയും ഒരു വെള്ളക്കുപ്പിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ബിയര്‍ കുപ്പിയെടുത്ത് അദ്ദേഹം താഴേക്കു വയ്ക്കുകയായിരുന്നു.

യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി പകരം വെള്ളക്കുപ്പി ഉയര്‍ത്തിയത് സമൂഹമാധ്യമങ്ങളിലെല്ലാം വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിയിലൂടെ കൊക്കോകോളയ്ക്ക് വലിയ നഷ്ടമാണ് നേരിട്ടത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കമ്ബനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *