ചെന്നൈ : മദ്രാസ് ഐഐടിക്കുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അദ്ധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായർ ആണ് മരിച്ചത്. ഉണ്ണികൃഷ്ണൻ നായർ താമസിച്ച സ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് കോട്ടൂർപൂരം പോലീസ് അറിയിച്ചു. വേളച്ചേരിയിലാണ് ഉണ്ണികൃഷ്ണനായർ താമസിച്ചിരുന്നത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇവിടെ നിന്നും അധികൃതർ കണ്ടെടുത്തത്. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ കുറിപ്പിൽ ആരുടേയും പേര് പരാമർശിക്കുന്നില്ല.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തു നിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും ഒരു കുപ്പി ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കോട്ടൂർപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *