മലപ്പുറം : ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപ്പാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. ചാലിയാർ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്പൂരിന്റെ പരിസരങ്ങളിലുമായി വെള്ളം കയറി. പ്രദേശത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചു. ഉരുൾപൊട്ടലിന് സമാനമായി ശക്തമായ രീതിയിലാണ് വെള്ളം എത്തുന്നത്. എന്നാൽ ഇത് മലവെള്ളപ്പാച്ചിൽ തന്നെയാണെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. കഴിഞ്ഞ ദിവസം മുതൽ മലപ്പുറത്ത് തോരാതെ മഴ പെയ്യുകയാണ്. ജില്ലയിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. ചിലയിടങ്ങളിൽ മരം കടപുഴകി വീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *