നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പി.വി അബ്ദുള്‍ വഹാബ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഇന്നു ആശുപത്രിക്ക് കൈമാറും. ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അബ്ദുള്‍വഹാബ് എംപി ആശുപത്രി അധികൃതര്‍ക്കു താക്കോല്‍ കൈമാറും. സംസ്ഥാനത്തു ആദ്യമായാണ് ഇത്രയും സംവിധാനങ്ങളുള്ള ആംബുലന്‍സ് ഒരു ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നത്. എമര്‍ജന്‍സി സംവിധാനങ്ങള്‍, അടിയന്തര വൈദ്യസഹായം, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ ആംബുലന്‍സില്‍ ലഭ്യമാണ്.

ഈ ഉപകരണങ്ങളുടെ സഹായത്തോടെ ആംബുലന്‍സില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ,ജീവന്‍രക്ഷാ സഹായങ്ങള്‍ രോഗിക്ക് ലഭ്യമാകും. അടുത്ത നഗരങ്ങളിലെ മികച്ച ആശുപത്രികളിലേക്കു കൊണ്ടുപോകുമ്പോഴും ഈ സൗകര്യങ്ങള്‍ രോഗിക്ക് സഹായമാകുമെന്നു അബ്ദുള്‍ വഹാബ് പറഞ്ഞു. 2016-17 വര്‍ഷത്തെ എംപി ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ചത്. ഇതോടൊപ്പം ഒരു സാധാരണ ആംബുലന്‍സും എംപി ആശുപത്രിക്ക് അനുവദിച്ചിരുന്നു. ഇതു രണ്ടുമാസം മുമ്പു ആശുപത്രിക്ക് വിട്ടു നല്‍കിയിരുന്നു. ആറു ലക്ഷം രൂപ ചെലവില്‍ എംപി ആശുപത്രിക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം. സക്കീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *