അമിത വേഗതയിലെത്തിയ ഓഡി കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ഏഴുമരണം. ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബെംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം. ഓഡി ക്യു3 മോഡല്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിന്റെ ചുവരിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മൂന്ന് സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്. തമിഴ്നാട്ടിലെ ഹൊസുര്‍ മണ്ഡലത്തിലെ ഡി എം കെ എം എല്‍ എയുടെ മകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എം എല്‍ എ വൈ പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ഡോ. ബിന്ദു, ഇഷിത, ഡോ. ധനുഷ, അക്ഷയ ഗോയല്‍, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്. കാറില്‍ യാത്ര ചെയ്തിരുന്ന ആറു പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കാറിന്റെ എയര്‍ ബാഗ് തുറന്നിരുന്നില്ലെന്നും ഇതാണ് യാത്രക്കാരെല്ലാം മരിക്കുന്നതിന് കാരണമായതെന്നും ഔദുഗോഡി ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച്‌ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എയുടെ കാറാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഓഡി കാര്‍ പൂര്‍ണമായി തകര്‍ന്നതായി കാണാം. അപകടം നടന്നപ്പോള്‍ കാര്‍ അമിത വേഗതയിലായിരുന്നു. കാറിന്റെ ബോണറ്റ് ഭാഗവും ചക്രങ്ങളും പൂര്‍ണമായി തകര്‍ന്നു. അപകടം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *