സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതി; എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്  പി. കെ നവാസ് അറസ്റ്റില്‍

കോഴിക്കോട് : എം എസ് എഫ് വനിതാ വിഭാഗമായ ഹരിതയുടെ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ലൈംഗികചുവയോടെ സംസാരിച്ചുവെന്ന ഹരിത നേതൃത്വത്തിന്‍റെ പരാതിയില്‍ ​354(a) വകുപ്പ്​ രേഖപ്പെടുത്തിയാണ്​ ചെമ്മങ്ങാട് പോലീസ് നവാസിനെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് ഒന്നരയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിന് കയറും മുന്‍പേ നവാസ് പറഞ്ഞത്.

സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് സ്വാഭാവിക നടപടിയെന്നായിരുന്നു പി. കെ നവാസിന്റെ പ്രതികരണം. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി അറസ്റ്റിനെ കാണുന്നു. പാര്‍ട്ടിയുടെ അനുവാദത്തോടെ മാധ്യമങ്ങളെ കണ്ട് പറയാനുള്ളത് പറയും. എംഎസ്എഫ് അധ്യക്ഷനായി തുടരണമോയെന്നത് പാര്‍ട്ടി തീരുമാനിക്കും. സ്ഥാനം ഒഴിയണമെന്ന് ലീഗ് ആവശ്യപ്പെട്ടാല്‍ ഒരു നെഗറ്റീവ് കമന്റുമില്ലാതെ സ്ഥാനം ഒഴിയും. ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ വേദനയുണ്ടെന്നും നവാസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *