ചിറ്റിലഞ്ചേരിയില്‍ മകന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി രതീഷ്(39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇയാളെ ആലത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ രതീഷിന്റെ പിതാവ് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എംഎന്‍കെഎം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് തിങ്കളാഴ്ച നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടിലെത്തി. പോസിറ്റീവായിരിക്കെ തന്നെ സ്‌കൂളില്‍നിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ വീട്ടിലേക്ക് കയറാന്‍ അച്ഛന്‍ സമ്മതിച്ചില്ല.  ഇതോടെ വീടിനു സമീപത്തെ ആള്‍ താമസമില്ലാത്ത മറ്റൊരു വീട്ടിലായിരുന്നു രതീഷ് താമസിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ രതീഷ് അച്ഛന്‍ ബാലനുമായി ഇതേചൊല്ലി തർക്കത്തിൽ ഏര്‍പെട്ടു. തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ രതീഷ് കൊടുവാള്‍ കൊണ്ട് അച്ഛനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ ഉടന്‍തന്നെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *