കൊക്കയാറിൽ (kokkayar) കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ (kokkayar-landslide) കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തിരച്ചില്‍ സച്ചുവിനായി ഇന്ന് രാവിലെ മുതല്‍ വീണ്ടും രക്ഷാപ്രവർത്തകർ തുടരുകയായിരുന്നു. പതിനൊന്നേ കാലോടെയാണ് സച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൊക്കയാറിൽ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഫൗസിയ മക്കളായ അമീന്‍ (10) അംന (7) സഹോദരന്റെ മക്കളായ അഫ്‌സാന, അഫിയാന, ചിറയിൽ ഷാജി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്. ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല. കൊക്കയാറിലെ ഉരുൾപൊട്ടൽ ഏഴ് വീടുകളാണ് തകർത്തത്. ഇനി ഇവിടെകണ്ടെത്താനുള്ളത് കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയാണ്.

Leave a Reply

Your email address will not be published. Required fields are marked *