തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം.എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് തുടരുന്ന മൂന്ന് എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമെ ഇന്ന് നാല് ടീമുകൾ കൂടെയെത്തും.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ബുധനാഴ്ച്ചയോടെ മധ്യ കിഴക്കൻ അറബികടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും പ്രവചനം.

കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രം ദക്ഷിണേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടി മഴ കനക്കും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനൊപ്പം തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും എന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും ആൻഡമാൻ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *