പത്തനംതിട്ട: സ്വന്തം നാട്ടില്‍ നിന്ന്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന്‌ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പശ്‌ചിമ ബംഗാള്‍ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു. ഓമല്ലൂരിലെ ഇരുമ്പ്‌ കടയില്‍ ജോലിക്ക്‌ നിന്ന ബിമല്‍ നാഗ്‌ ബെന്‍ഷി(24 )യാണ്‌ പോലീസിന്റെ പിടിയിലായത്‌.17 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്‌ റായ്‌ഗഞ്ച്‌ പോലീസ്‌ ഇയാള്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
ശക്‌തിവാഹന്‍ എന്ന സംഘടന റായ്‌ഗഞ്ച്‌ പോലീസിലും ചൈല്‍ഡ്‌ പ്രട്ടക്ഷന്‍ കമ്മിഷനിലും പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലായിരുന്നു കേസെടുത്തത്‌.
യുവാവിന്റെയും പെണ്‍കുട്ടിയുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കായംകുളത്തുണ്ടെന്ന്‌ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിക്ക്‌ വിവരം ലഭിച്ചു.
തുടര്‍ന്ന്‌ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഓമല്ലൂരില്‍ കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ പത്തനംതിട്ട ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഏല്‍പ്പിക്കുകയും പിന്നീട്‌ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവ്‌ തട്ടിക്കൊണ്ടു വന്ന്‌, ഇയാളുടെ താമസസ്‌ഥലത്തെ കുടുസു മുറിയില്‍ അടച്ചിട്ടു.
അഞ്ചു ദിവസം മുമ്പാണ്‌ പ്രതി സ്‌ഥാപനത്തില്‍ ജോലിക്ക്‌ കയറിയത്‌. ലൈംഗിക അതിക്രമത്തിന്‌ ഇരയായതായി വ്യക്‌തമായ പോലീസ്‌ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *