ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് ബസിൽ; തല എൻജിനിൽ കുടുങ്ങി- വിഡിയോ

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്കൂൾ ബസിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനുശേഷം പുറത്തെടുത്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റായ്ബറേലിയിലെ റയാൻ ഇന്റർനാഷനൽ സ്കൂളിന്റെ ബസിലാണു പെരുമ്പാമ്പ് കുടുങ്ങിയത്.

സ്കൂൾ അവധിയായതിനാൽ ആർക്കും അപകടമുണ്ടായില്ലെന്നു സിറ്റി മജിസ്ട്രേറ്റ് പല്ലവി മിശ്ര പറ‍ഞ്ഞു. ബസിലെ സീറ്റിന് അടിയിലായിരുന്ന പെരുമ്പാമ്പിനെ സുരക്ഷിതമായി പുറത്തിറക്കാൻ കമ്പ് ഉപയോഗിച്ച് പൊക്കിയെടുക്കാൻ ശ്രമിക്കുന്നതാണു വിഡിയോയിലുള്ളത്. എൻജിനിൽ കുടുങ്ങിയ പെരുമ്പാമ്പിനെ കയർകെട്ടി മുകളിലേക്ക് വലിച്ചെടുക്കുന്നതും കാണാം.

ഡ്രൈവർ താമസിക്കുന്ന ഗ്രാമത്തിലാണ് സ്കൂൾ ബസ് പാർക്ക് ചെയ്തിരുന്നത്. ഒരു ആടിനെ വിഴുങ്ങിയശേഷം പെരുമ്പാമ്പ് ബസിനുള്ളിലേക്ക് ഇഴഞ്ഞുനീങ്ങുന്നതു നാട്ടുകാർ കണ്ടിരുന്നു. പിന്നാലെ ഇവർ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ വനംവകുപ്പിനെ അറിയിക്കുകയും അവർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പുറത്തെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *