കൊച്ചിയിൽ  കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

കൊച്ചി ∙ നഗരത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. കാസർകോട് സ്വദേശിനിയായ മോഡലിനെ കാറിൽവച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ നാലു പേരെ അറസ്റ്റു ചെയ്തു. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെൺകുട്ടി മദ്യപിച്ചു കുഴഞ്ഞു വീണു. തുടർന്നു കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പെൺകുട്ടി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്തിലേക്കു കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിവരം പൊലീസിൽ അറിയിച്ചത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *