സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് ; ഇതരസംസ്ഥാന ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: നടന്‍ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇതരസംസ്ഥാന ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്‌നാട് കല്ലക്കുറിച്ചി, പിള്ളയാര്‍ കോവില്‍ തെരുവില്‍ എസ്. ഭരത്താണു പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. അന്തരിച്ച നടന്‍ കൊല്ലം സുധിക്ക് കാക്കനാട്ടുള്ള ചാനല്‍ ഓഫീസിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോള്‍ തോഷിബ ജങ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ പല തവണ സിഗ്നല്‍ നല്‍കിയെങ്കിലും അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ വാഹനത്തെ കടത്തിവിട്ടില്ല.

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അങ്കമാലിയില്‍വെച്ച് ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ മദ്യലഹരിയിലാണു വാഹനം ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തു. കസ്റ്റഡിയില്‍ എടുത്ത വാഹനം പിന്നീട് കോടതിക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *