കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഗവാസ്‌കറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ജൂണ്‍ 14നാണ് സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. സംഭവം ഉണ്ടായിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും സ്‌നിഗ്ധയെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടില്ല. സ്‌നിഗ്ധയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.

ഗവാസ്‌കര്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാലില്‍ വാഹനം കയറ്റിയെന്നുമാണ് സ്‌നിഗ്ധയുടെ പരാതി. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ കോടതിയെ സമീപിച്ചത്. സ്‌നിഗ്ധയുടെ പരാതിയിലും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *