വാഹനാപകടം; സുരാജിന് നോട്ടീസ് നല്‍കി എം.വി.ഡി, തെറ്റുണ്ടെങ്കില്‍ ബോധവത്കരണവും ശിക്ഷയും

[auto_translate_button]

കൊച്ചി: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ സിനിമാ താരം സുരാജ് വെഞ്ഞാറമൂടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അപകടം സംബന്ധിച്ച കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ആര്‍.ടി.ഒ. ആണ് നോട്ടീസ് നല്‍കിയത്.

താരത്തിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ ബോധവത്കരണ ക്ലാസ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ശനിയാഴ്ച രാത്രി 12-ഓടെ പാലാരിവട്ടത്തായിരുന്നു സുരാജ് ഓടിച്ച കാര്‍ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചത്

മഞ്ചേരി സ്വദേശിയായ യുവാവിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് സുരാജിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി താരത്തിന്റെ വാഹനം പരിശോധിച്ച ശേഷമാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നോട്ടീസ് നല്‍കിയത്.

ഈ വാര്‍ത്തകള്‍ വരുന്ന സമയത്ത് സിനിമാപ്രേമികളുടെ ഓര്‍മ്മയിലേക്ക് എത്തുന്ന സുരാജിന്‍റെതന്നെ ഒരു സിനിമയുണ്ട്. അദ്ദേഹം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളില്‍ എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് അത്.

ലാല്‍ ജൂനിയറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയാണ് സുരാജ് ചിത്രത്തില്‍ എത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രന്‍ എന്ന, സിനിമയിലെ സൂപ്പര്‍താരത്തിന്‍റെ കടുത്ത ആരാധകനായ കുരുവിളയ്ക്ക് സാഹചര്യവശാല്‍ ആ ആരാധന എതിര്‍പ്പും വിദ്വേഷവുമായി മാറുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ഒരു സിനിമാ ചിത്രീകരണത്തിനായി ആവശ്യം വരുന്ന തന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടിരിക്കുന്നതായി മനസിലാക്കുന്ന ഹരീന്ദ്രന്‍റെ സഹായത്തിനായി ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തുകയാണ്. എന്നാല്‍ ആര്‍ടിഒ ഓഫീസിലേക്ക് ഹരീന്ദ്രന്‍ എത്തുന്ന ദിവസം നടക്കുന്ന ചില സംഭവവികാസങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള ബന്ധം വഷളാവുകയും ചെയ്യുന്നു. ലൈസന്‍സ് എങ്ങനെയും വാങ്ങിയെടുക്കേണ്ടത് ഹരീന്ദ്രന്‍റെ അടിയന്തിര ആവശ്യമാകുമ്പോള്‍ അതിന് എങ്ങനെയും തടയിടുക എന്നതാണ് ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച കുരുവിളയുടെ ലക്ഷ്യം. സച്ചി രചന നിര്‍വ്വഹിച്ച ചിത്രം 2019 ലെ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *