മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഇളയ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അനന്യ (13), അമേയ (10), അനാമിക (7) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അനാമികയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്. പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല. മദ്യ ലഹരിയിൽ ആയിരുന്നു സംഭവം എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് അയൽവാസികളെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കുടുംബ പ്രശ്നങ്ങളായിരിക്കാം ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *