പത്മകുമാർ കൊട്ടാരക്കര സബ് ജയിലിൽ; അനിത കുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലും

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ഭാര്യ അനിത കുമാരിയേയും മകൾ അനുപമയേയും അട്ടക്കുളങ്ങര സബ് ജയിലിലേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും ഇവരെ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പടെ നടത്തുക.

പ്രതികൾക്കെതിരെ കുട്ടിക്കടത്ത് അടക്കം ഗുരുതരമായ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന, ജൂവൈനൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *