വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പിടിച്ചുകൊണ്ടുപോയശേഷം ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. കടുവ തന്നെയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെെത്തി കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.

രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ്  ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം.മാസങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *