കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; വെട്ടേറ്റത് പുറത്തും കഴുത്തിനും ; കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി. സത്യനാഥൻ (62) അജ്ഞാതന്റെ വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്.

ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും കാട്ടുന്നതായി പോലീസ് അറിയിച്ചു.

സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ്‌ കോംപ്ലക്സ് മാനേജരാണ്‌. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു. വെള്ളിയാഴ്ച കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *