നാളത്തെ വോട്ടെടുപ്പില്‍ ആശങ്കയില്ല, ആത്മവിശ്വാസത്തോടെ പാല കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തി സുരേഷ് ഗോപി

കോട്ടയം: തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പാല കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തി. മാതാവിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്. നാളത്തെ ദിനത്തെ ഓര്‍ത്ത് വ്യഗ്രതയില്ലെന്നും ജനങ്ങള്‍ നേരത്തെ നിശ്ചയിച്ചതാണ് എല്ലാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആ നിശ്ചയത്തിലുള്ള പ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ല അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിച്ചിട്ടില്ല. ജീവിതത്തില്‍ നല്ലതെല്ലാം സംഭവിക്കണേ എന്ന പറയുന്നതില്‍ ജീവിതത്തില്‍ അനുഗ്രഹമാകുന്നതെല്ലാം സംഭവിക്കണേയെന്നാണ്. ഇലക്ഷനൊക്കെ അതില്‍ ഉള്‍പ്പെടുന്നതല്ലേയെന്നും അദ്ദേഹം പറഞ്ഞു.

സഭാ നേതാക്കളെയല്ല, നേരത്തെ അടുപ്പമുള്ള പിതാക്കന്മാരെയാണ് ഇന്ന് സന്ദര്‍ശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ കോട്ടയത്ത് എത്തിയ സുരേഷ് ഗോപി അരുവിത്തുറ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിലും പങ്കുച്ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *