പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; മോഷണശേഷം പറമ്പില്‍ ഉപേക്ഷിച്ചു

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം പറമ്പില്‍ ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കാതിലെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വീടിന് 500 മീറ്റര്‍ അകലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിച്ച ശേഷം വീട്ടുകാരോട് കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലാ പോലീസ് മേധാവി പി.ബി. ജോയി സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.

പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

കാസർകോട് ഉറങ്ങിക്കിടക്കവെ തട്ടിക്കൊണ്ടുപോയ പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. കാസർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. സ്വന്തം വീട്ടിലെ കട്ടിലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെയാണ് അക്രമി എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും, സ്വർണം കവർന്നശേഷം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയും ചെയ്തത്. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പൊലീസിനെ അറിയിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *