കാറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെയാണ് (44) മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു ദീപു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്നാട് പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ പൊലീസ് വാഹനത്തിന് സമീപമെത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളമുണ്ടായിരുന്നു.

കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *