അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട: എറണാകുളം ജില്ല കളക്ടര്‍

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരത്തരുതെന്നും, അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുമുണ്ട്.

കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിയിട്ടുണ്ടെന്നും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎല്‍എച്ച് ഹെലികോപ്ടറും സദാ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും, നാവികസേനയും കരസേനയുടെയും നാല് കമ്പനി പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.

മാത്രമല്ല, എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും തയാറാണെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അതാതു സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *