മോഹൻലാലിന്റെ 65-ാം ജന്മദിനമാണ് ബുധനാഴ്ച. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനുള്ള ആദരവായി ചക്ക ഉപയോഗിച്ച് എട്ടടി വലുപ്പത്തില്‍ ഒരു ചിത്രം ഒരുക്കിയിരിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ്.
ചക്കത്തോട്ടത്തിനു നടുവിലൊരുക്കിയ മോഹൻലാലിന്റെ ‘ചക്ക’യിൽ തീർത്ത ഈ ചിത്രം ആരെയുമൊന്നു വിസ്മയിപ്പിക്കും. ചക്കക്കുരു, ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ കലാസൃഷ്ടി തയ്യാറാക്കിയത്. തൃശൂര്‍ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷ് ഈ ചിത്രം ഒരുക്കിയത്. മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ചക്ക ചുളകള്‍ നിരത്തിവയ്ക്കുകയായിരുന്നു. ഏകദേശം ഇരുപത് ചക്കകൾ ചിത്രത്തിനായി ഉപയോഗിച്ചു.
ഏതാണ്ട് അഞ്ച് മണിക്കൂറോളം എടുത്താണ് ഈ ചിത്രം തയ്യാറാക്കിയതെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.
മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് ആരാധകരും. തുടരെ തുടരെ രണ്ടു ഹിറ്റുകളുമായി ബോക്സ് ഓഫീസിലെ അപ്രമാധിത്യം മോഹൻലാൽ തിരിച്ചുപിടിച്ചതിനു ശേഷമെത്തുന്ന പിറന്നാൾ ഗംഭീരമാക്കാനാണ് മോഹൻലാൽ ഫാൻസ് അസോസിയേഷനുകളുടെയും തീരുമാനം.

