മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി; അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മെയ്‌തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് വിവിധ ഇടങ്ങളില്‍ പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. 5 ജില്ലകളില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതാണ് പ്രാബല്യത്തില്‍ വന്നത്. 5 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ മെയ്‌തെയ് എന്ന വ്യക്തിയെയാണ് എന്‍ ഐ എയും മണിപ്പര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 ഒക്ടോബറില്‍ പോലീസുദ്യോഗസ്ഥനെ സ്‌നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് നടന്നത്. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആരംഭായ് തെങ്കോലിന്റെ ഭാഗത്തുനിന്നും പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *