പേരാമ്പ്ര ∙ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ. നാലു സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. പേരാമ്പ്ര ബവ്‌റിജസ് ഔട്ട്‍ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റേതാണ് സ്ഥാപനം. ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുകയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ചെമ്പനോട സ്വദേശി ആന്റോ മാനേജറായ സ്ഥാപനത്തിൽ ദിവസേന നിരവധി ആളുകളാണ് വന്നിരുന്നത്.
ആയിരം രൂപയിൽ തുടങ്ങി മസാജിന്റെ രീതി മാറ്റത്തിനനുസരിച്ച് വിവിധ നിരക്കുകൾ വാങ്ങിയായിരുന്നു നടത്തിപ്പ്. നേരത്തേ ഈ സ്ഥാപനത്തിനെതിരെ പരാതിയുണ്ടായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ.സുനിൽ കുമാറിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

