ടോൾ കടക്കാൻ നാളെ മുതൽ വെറും 15 രൂപ മതി, കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യദിന സമ്മാനം

ന്യൂഡൽഹി: നാളെമുതൽ വെറും 15 രൂപ നൽകി നിങ്ങൾക്ക് ടോൾ പ്ലാസ കടക്കാം. കേന്ദ്രസർക്കാരിന്റെ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന സമ്മാനം നാളെമുതൽ പ്രാബല്യത്തിൽ വരും. കാർ,വാൻ, ജീപ്പ് എന്നിവ ഉൾപ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇക്കഴിഞ്ഞ ജൂണിലാണ് വാർഷിക ടോൾ പദ്ധതിയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.

ഫാസ്‌ടാഗ് വാർഷിക പദ്ധതിയിലൂടെയാണ് കേന്ദ്രസർക്കാർ ജനങ്ങൾക്ക് അസുലഭ അവസരം ഒരുക്കുന്നത്. 3,000 രൂപയ്ക്ക് ഫാഗ്‌ടാഗ് ഒരുവർഷത്തേക്ക് ചാർജ് ചെയ്യുന്ന ഒരാൾക്ക് 200 യാത്രകൾ ചെയ്യാൻ അവസരം ലഭിക്കും. അങ്ങനെ നോക്കുമ്പോൾ മൂവായിരം രൂപ അടച്ച് ഒരുവർഷത്തേക്ക് ഫാസ്‌ടാഗ് ചാർജുചെയ്ത ഒരാൾക്ക് ഒരുതവണ ടോൾപ്ലാസ കടക്കാൻ വെറും 15 രൂപ മാത്രമേ ആകുന്നുള്ളൂ (3000/200) . ടോൾപ്ലാസകളിലൂടെ സ്ഥിരം യാത്രചെയ്യുന്നവർക്കാണ് ഏറെ പ്രയോജനം കിട്ടുക. നിലവിൽ ടോൾപ്ലാസകളിൽ വാഹനത്തിന്റെ തരം അനുസരിച്ചാണ് ചാർജ് ഈടാക്കുന്നത്. ഒരു കാർ ടോൾഗേറ്റ് കടന്നുകിട്ടാൻ ഇപ്പോൾ 150 രൂപയെങ്കിലും കൊടുക്കണം. ഇതാണ് വാർഷിക ചാർജിംഗിലൂടെ വെറും 15 രൂപയാകുന്നത്. 200 യാത്ര അല്ലെങ്കിൽ ആക്ടിവേഷൻ തീയതി മുതൽ ഒരുവർഷംവരെയാണ് കാലാവധി ഉണ്ടാവുക.

നിലവിലെ ഫാസ്‌‌ടാഗുതന്നെ ആനുവൽ ഫാസ്‌‌ടാഗായി റീചാർജ് ചെയ്യാനാവും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം

രാജ്മാർഗ് യാത്ര ആപ്പിലേക്കോ NHAI/MoRTH വെബ്സൈറ്റോ സന്ദർശിക്കുക.

നിങ്ങളുടെ വാഹന നമ്പർ, ഫാസ്‌ടാഗ് ഐഡി തുടങ്ങിയ വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക. ഫാസ്ടാഗ് സജീവവും ശരിയായി ഇൻസ്റ്റാൾ ചെയ്തതും നിങ്ങളുടെ വാഹനവുമായി ലിങ്ക് ചെയ്തതുമായിരിക്കണം എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

തുടർന്ന് യുപിഐ (UPI), ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈനായി 3,000 രൂപ അടയ്ക്കുക. ഇതോടെ നിങ്ങളുടെ നിലവിലുള്ള ഫാസ്ടാഗിൽ വാർഷിക പാസ് അറ്റാച്ചുചെയ്യും. രണ്ടുമണിക്കൂറിനുള്ളിൽ വാർഷിക പാസ് സജീവമാകും. വാർഷികപാസ് ലഭിച്ചശേഷം അത് ഉപയോഗിക്കാതിരുന്നാൽ പണം നഷ്ടമാകും എന്നത് പ്രത്യേകം ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *