ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദിയെ ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്.
ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 ന് തുടങ്ങിയതാണ് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതയാത്ര. 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്. ജൂലൈയിൽ ഇന്ദിരാഗാന്ധിയുടെ റെക്കോഡ് മറികടന്ന് രാജ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടവും മോദിയുടെ പേരിലായി.

