യുവതിയുടെ കൊല; വൈശാഖൻ മറ്റൊരു പെൺകുട്ടിയെ കണ്ണുവെച്ചത് കലഹത്തിനിടയാക്കി

കക്കോടി: ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയുടെ ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ വൈശാഖൻ ലക്ഷ്യമിട്ടത് രണ്ടു യുവതികളെ. ഭാര്യയുടെ അടുത്ത ബന്ധുവായ യുവതിക്ക് പുറമെ മറ്റൊരു യുവതിയെയും ഇയാൾ കെണിയിൽപെടുത്താൻ ശ്രമിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് യുവതിയുമായി പലതവണ കലഹിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. ഇക്കാര്യം കൊല്ലപ്പെട്ട 26കാരി ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രമ്യതയിലെത്താൻ വൈശാഖൻ ജില്ലക്ക് പുറത്തുള്ള പല ക്ഷേത്രങ്ങളിലും പൂജകൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ മനസ്സിലായി. വിവാഹിതനായ ശേഷം വൈശാഖൻ ഭാര്യയുടെ ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 10 വർഷം മുമ്പ് അടുക്കുന്നത്.

16ാം വയസ്സിൽ തന്നെ പെൺകുട്ടിക്ക് പല തരത്തിലുള്ള വാഗ്ദാനം നൽകി വൈശാഖൻ പീഡിപ്പിക്കാൻ തുടങ്ങി. തടമ്പാട്ടുതാഴത്തെ വീട്ടിൽ വെച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അശ്ലീല വിഡിയോയും കാമറയിൽ പകർത്തി. പിന്നീട്, ഇവ തന്റെ കമ്പ്യൂട്ടറിലേക്കും മാറ്റി. ഹാർഡ് ഡിസ്ക് വൈശാഖന്റെ വീട്ടിൽനിന്ന് സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രായപൂർത്തിയായ ശേഷവും പലവട്ടം പെൺകുട്ടിയെ പീഡിപ്പിച്ചതായും വൈശാഖ് മൊഴി നൽകിയിട്ടുണ്ട്. അതിനിടെയാണ് വൈശാഖൻ ഭാര്യയുടെ അടുത്ത ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും ലക്ഷ്യമിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വൈശാഖൻ ഇടപെടുന്നതിൽ ആദ്യം അടുപ്പമുള്ള യുവതിക്ക് സംശയം തോന്നി. യുവതി മാനസികമായി തളർന്നതോടെ കൗൺസലിങ്ങിന് വിധേയമാക്കി. സഹോദരിയെന്നാണ് കൗൺസലിങ് സെന്ററിൽ വൈശാഖൻ യുവതിയെ പരിചയപ്പെടുത്തിയത്. കൗൺസലിങ് നടത്തിയെങ്കിലും യുവതിയുടെ സംശയം വർധിച്ചു.

ഇരുവരും ഇക്കാര്യം പറഞ്ഞ് പ്രശ്‌നങ്ങളുണ്ടായി. കൂടാതെ ഭാര്യയോട് കാര്യങ്ങളെല്ലാം പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വൈശാഖൻ സമ്മർദത്തിലായി. തുടർന്നാണ് യുവതിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. യുവതിയെ കൊലപ്പെടുത്തിയശേഷം വൈശാഖൻ മൃതദേഹം പുറത്തെത്തിച്ചത് ഇരുമ്പുകോണിയിൽ. സംശയം തോന്നാതിരിക്കാൻ ഭാര്യയെ വിളിക്കുകയും ഇരുവരും ചേർന്ന് കോണിയിൽ മൃതദേഹം കിടത്തിയ ശേഷം കാറിലേക്ക് മാറ്റുകയുമായിരുന്നു.

ഷോപ്പിലെത്തി മൃതദേഹം കാണുകയും വൈശാഖന്റെ പെരുമാറ്റത്തിൽ ഭാര്യക്ക് സംശയം തോന്നുകയും ചെയ്തു. പരിസരങ്ങളിലൊന്നും ആരുമില്ലാത്തതിനാൽ വൈശാഖൻ അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടതായും ഭാര്യ പൊലീസിന് മൊഴി നൽകി. കാറിൽ മൃതദേഹവുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് വൈശാഖൻ യുവതിയുമായുള്ള 10 വർഷത്തെ ബന്ധത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. തെറ്റുപറ്റിയിട്ടുണ്ടെന്നും അതിനാലാണ് ഞങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നായിരുന്നു വൈശാഖൻ പറഞ്ഞത്. ഉറക്കഗുളിക കഴിച്ച ശേഷം താൻ മയങ്ങിയതിനിടെ യുവതി തൂങ്ങിമരിച്ചെന്നും വൈശാഖൻ പറഞ്ഞതായി ഭാര്യ മൊഴി നൽകി.

വൈശാഖനെ എലത്തൂർ പൊലീസ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. എന്നാൽ, ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. വൈശാഖനെതിരെ എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് ചേവായൂർ പൊലീസിന് കൈമാറിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *