കണ്ണൂരിൽ വൻ ട്വിസ്റ്റ്! ഹൈകമാൻഡ് കീഴടങ്ങി, കെ. സുധാകരൻ മത്സരിക്കും

തിരുവനന്തപുരം: ഒടുവിൽ കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ കീഴടങ്ങി കോൺഗ്രസ് ഹൈകമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.

എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കളടക്കം ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ ഹൈകമാൻഡ് എത്തിയത്.

മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ ഇടപെടലും നിർണായകമായി. സീറ്റ് ഉറപ്പായതോടെ ഡൽഹിയിൽ വിളിച്ചിരുന്ന വാർത്തസമ്മേളനവും ഉപേക്ഷിച്ചു. നാട്ടിൽ തിരിച്ചെത്തുന്ന സുധാകരന് വൻ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് അനുയായികൾ. നേരത്തെ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കൾ സുധാകരനുമായി സംസാരിച്ചിരന്നു. കണ്ണൂരിൽ സീറ്റില്ലെന്നും മുൻ മേയറായ ടി.ഒ. മോഹനനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുത്തതായും നേതാക്കൾ അറിയിച്ചു. അതോടെ ഗുഡ് ബൈ പറയുകയായിരുന്നു. തനിക്ക് തന്റെ വഴിയെന്നും പാർട്ടിക്ക് പാർട്ടിയുടെ വഴിയെന്നും നേതാക്കളോട് കെ. സുധാകരൻ വ്യക്തമാക്കി. പാർട്ടിയെടുത്ത ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

ഇതിനിടെ സുധാകരനെ സ്വാഗതം ചെയ്ത് ബി.ജെ.പിയും രംഗത്തുവന്നു. സ്ഥാനാർഥി പട്ടികയിൽനിന്ന് തഴഞ്ഞതിൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. സുധാകരന്‍റെ പിടിവാശിയെ തുടർന്നാണ് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകിയത്. ഇന്ന് പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കടുപ്പിച്ചത്. കോന്നിയിൽ ആറ്റിങ്ങൽ എം.പിയായ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെ മത്സരിപ്പിക്കാനാണ് തീരുമാനം. സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. ഇതിനിടെയാണ് സുധാകരൻ ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനിടെയാണ് സുധാകരൻ മാധ്യമങ്ങളെ കാണുന്നതും.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കടുത്ത നിലപാടാണ് ഒടുവിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചത്. പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അർധ രാത്രി പ്രത്യേക യോഗം ചേർന്നാണ് പട്ടിക അന്തിമമാക്കിയത്. ഉച്ചക്കു മുമ്പായി പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസ് മത്സരിക്കുന്ന 95 ൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുല്ളത്.

Leave a Reply

Your email address will not be published. Required fields are marked *