'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി'; പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

കോന്നി : പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയാണ് സദസ്സിലെ ഒരാൾ മുഖ്യമന്ത്രിയോട് ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞത്. ഉടനടി മൈക്കിലൂടെ തന്നെ ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടർന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും പ്രസംഗം ചർച്ചയാണ്.

തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത വാക്കുകളിലെ രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരനെതിരെ നടത്തിയ ‘ചെറ്റത്തരം’ എന്ന പരാമര്‍ശം വലിയ വിവാദമായിരുന്നു. ടെലിവിഷന്‍ അഭിമുഖത്തിലാണ് ജി. സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍പ്പരം വിശേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പഴയ ‘പരനാറി’ പ്രയോഗമുണ്ടാക്കിയ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും, ജി. സുധാകരന്‍ ചെയ്തതിനെക്കുറിച്ച് പറയാന്‍ തന്റെ നിഘണ്ടുവില്‍ വേറെ വാക്കുകളില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *