നഴ്സുമാരുടെ സമരം: മാനേജ്മെന്‍റിന് നടപടി സ്വീകരിക്കാം; സമരം തുടരാൻ തടസ്സമില്ലെന്ന് ഹൈകോടതി

കൊച്ചി: ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റിനും സമരക്കാർക്കും ബാധകമാക്കിയ ഇടക്കാല ഉത്തരവിലെ വ്യവസ്ഥ ഹൈകോടതി നീക്കി. മധ്യസ്ഥ ചർച്ചയടക്കം നടക്കുന്ന സാഹചര്യത്തിൽ സമരത്തിൽനിന്ന് നഴ്സുമാർ താൽക്കാലികമായി പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും ഇവർക്കെതിരെ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികളുണ്ടാവരുതെന്നുമുള്ള മാർച്ച് 13ലെ ഇടക്കാല ഉത്തരവിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നീക്കിയത്.

ആശുപത്രികളിലെ ശസ്ത്രക്രിയയെയും മറ്റും സമരം ബാധിച്ചതായി ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇരുഭാഗത്തുനിന്നും ഭിന്നത വർധിപ്പിക്കുന്ന നടപടികളുണ്ടാകരുതെന്ന ഇടക്കാല ഉത്തരവ് പല തവണ നീട്ടിയിരുന്നു. ഹരജി വെള്ളിയാഴ്ച പരിഗണിക്കവേ, ഈ ഉത്തരവ് നിലനിൽക്കുമ്പോഴും യു.എൻ.എ നേതൃത്വത്തിലുള്ള സമരം കുറഞ്ഞത് രണ്ടു ആശുപത്രികളിലെങ്കിലും തുടരുകയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ച സംഭവം; മെഹർ മന്തിക്കടയുടമ അർഷാദ് അറസ്റ്റിൽ

കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഉപഹരജിയും നൽകിയിരുന്നു. എന്നാൽ, ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ സമരത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന നിർദേശവും നീക്കണമെന്ന് യു.എൻ.എ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവുള്ളതിനാൽ സമരത്തിൽനിന്ന് നഴ്സുമാരുടെ സംഘടന വിട്ടുനിൽക്കുമെന്നാണ് ധരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഹൈകോടതിയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ച ഫലം കണ്ടിട്ടുമില്ല. ഈ സാഹച്യത്തിൽ സമരക്കാർക്കെതിരെ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കാൻ അവസരം വേണമെന്ന ഹരജിക്കാരുടെ ആവശ്യത്തിൽ ന്യായമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ഉത്തരവിലെ വ്യവസ്ഥ നീക്കിയത്. സമരം തുടരാനാണ് യു.എൻ.എ തീരുമാനമെങ്കിൽ അതിനും തടസമില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *