ന്യൂഡൽഹി: Virus Alert: ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാരിൻ്റെ സൈബർ സുരക്ഷാ വിഭാഗം. ഫോണിനെ നിശബ്ദമായി ആക്രമിക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും ശേഷിയുള്ള അതിമാരകമായ പുതിയ വൈറസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതായി അധികൃതർ അറിയിച്ചു. സാധാരണ വൈറസുകളിൽ നിന്നും വ്യത്യസ്തമായി, ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാൻ ശേഷിയുള്ള വൈറസാണ് കണ്ടെത്തിയിരിക്കുന്നത്.
വൈറസ് നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറിയതായി പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ വെല്ലുവിളി. ഉപയോക്താക്കൾക്ക് വിശ്വാസം തോന്നുന്ന തരത്തിലുള്ള ലോഗോകളും പേരും ഉപയോഗിച്ച് പല ആപ്പുകളുടെ രൂപത്തിലാണ് ഇവ ഫോണിൽ പ്രത്യക്ഷപ്പെടുക. സാധാരണക്കാരെ സംബന്ധിച്ച് ഇത് വൈറസാണെന്ന് തിരിച്ചറിയാൻ സമയമെടുക്കുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

എങ്ങനെ സുരക്ഷിമായിരിക്കാം?
ബാങ്കിംഗ് ലോഗിൻ വിശദാംശങ്ങൾ, ടെക്സ്റ്റ് സന്ദേശങ്ങളിൽ നിന്നുള്ള OTP-കൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, അക്കൗണ്ട് പാസ്‌വേഡുകളും പിൻ നമ്പറുകളും, വ്യക്തിഗത സന്ദേശങ്ങൾ എന്നിവ ഒരു തരത്തിലുള്ള അനൗദ്യോഗിക ലിങ്കുകളിലോ ആപ്പുകളിലോ നൽകാതിരിക്കുക. അനാവശ്യമായ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യാതിരിക്കുക. ഒരിക്കൽ ഫോണിൽ ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ, നിങ്ങളുടെ ബാങ്ക് പാസ്‌വേഡുകൾ, എസ്എംഎസ്, ഫോട്ടോകൾ, കോൺടാക്റ്റുകൾ എന്നിവ ഈ വൈറസ് ഹാക്കർമാർക്ക് ചോർത്താൻ സാധ്യതയുണ്ട്.

ഫോണുകളെ എങ്ങനെ സംരക്ഷിക്കാം?
ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗൂഗൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഔദ്യോഗിക കമ്പനി സൈറ്റുകൾ മാത്രം ഉപയോഗിക്കുക.
നിങ്ങളുടെ WhatsApp, ടെക്സ്റ്റുകൾ, ടെലിഗ്രാം അല്ലെങ്കിൽ റാൻഡം ലിങ്കുകൾ എന്നിവയിൽ ദൃശ്യമാകുന്ന APK ഫയലുകൾ ക്ലിക്ക് ചെയ്യരുത്.
നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്ത ഒരു ആപ്പ് കണ്ടാൽ, അത് ഉടൻ ഇല്ലാതാക്കുക.
വാട്സാപ്പ്, എസ്എംഎസ് എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.
ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് എന്തിനൊക്കെ അനുവാദം ചോദിക്കുന്നു എന്നത് പ്രധാനമാണ്. കോൺടാക്റ്റോ മറ്റ് വ്യക്തിഗത വിവരങ്ങളോ ചോദിക്കുന്ന ഒരാപ്പും ഡൗൺലോഡ് ചെയ്യരുത്.
നിങ്ങളുടെ ബാങ്ക് ബാലൻസ് കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്ക് അധികൃതരെ ബന്ധപ്പെടുക.
വിശ്വാസയോഗ്യമെന്ന് തോന്നിക്കുന്ന ആപ്പുകൾ, ഗെയിമുകൾ, ബാങ്കിംഗ് ടൂളുകൾ എന്നിവയുടെ രൂപത്തിലാണ് ഈ വൈറസുകൾ പ്രധാനമായും കാണപ്പെടുന്നത്. അതിനാൽ സൂക്ഷിക്കുക.
അനാവശ്യമായി വരുന്ന കോളിലേക്കോ, ലിങ്കുകളിലോ, ആപ്പുകളിലോ ബാങ്കിങ് വിവരങ്ങൾ നൽകരുത്. ഇത് വലിയ സാമ്പത്തിക തട്ടിപ്പിന് കാരണമായേക്കാം.
ചെറിയ മുൻകരുതലുകളെടുത്താൽ സാമ്പത്തിക നഷ്ടത്തിൽ നിന്നും സൈബർ ആക്രമണത്തിൽ നിന്നും സുരക്ഷിതമാകാൻ സാധിക്കും.
നിങ്ങളുടെ വാട്സ്ആപ്പിലേക്ക് വരുന്ന മെസേജുകളോ ലിങ്കുകളോ അസാധാരണമായി തോന്നിയാൽ തുറക്കരുത്. വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.
