മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സ്വീകാര്യനുമായാണ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യ. ബി.ജെ.പിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷമാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *