പ്രമുഖ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി ആയി പ്രവേശിക്കാം. തുടർന്ന് ഉയർന്ന ശമ്പളത്തോടെ ഓഫിസറുമാകാം. ഇന്ത്യയിലെ കൽക്കരി ഉൽപാദനത്തിൽ 75% പങ്കാളിത്തം വഹിക്കുന്ന കോൾ ഇന്ത്യാ ലിമിറ്റഡിന് നവരത്ന പദവിയും ഉണ്ട്. ഈ പ്രശസ്ത സ്ഥാപനത്തിലെ മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ 660 ഒഴിവുകളിലേക്ക് ജൂൺ 11 വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.
ഇലക്ട്രിക്കൽ 221, സിവിൽ 178, മെക്കാനിക്കൽ 145, സിസ്റ്റം 43, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ 38, ഇൻഡസ്ട്രിയൽ എൻജിനീയറിങ് 11, ജിയോളജി 15, രാജ് ഭാഷ 5, കമ്പനി സെക്രട്ടറി 4 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഒഴിവു വിവരങ്ങൾ
എൻജിനീയറിങ് തസ്തികകളിൽ അപേക്ഷിക്കുന്നതിന് അതത് വിഷയത്തിൽ/ ചേർന്ന് നിൽക്കുന്ന ഒരു എൻജിനിയറിങ് ബ്രാഞ്ചിൽ 60% മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സിസ്റ്റം കാറ്റഗറിയിൽ കംപ്യൂട്ടർ സയൻസ്/ ഐടി വിഷയത്തിൽ 60% മാർക്കോടെ ബിടെക്/ എംസിഎ പാസ്സായവർക്കും ജിയോളജി മേഖലക്ക് 60% മാർക്കിൽ കുറയാതെ ജിയോളജി/ ജിയോഫിസിക്സ്/ അനുബന്ധ വിഷയങ്ങളിൽ എംഎസ്സി/ എംടെക് ജയിച്ചവർക്കും അപേക്ഷിക്കാം.
രാജ്യഭാഷ ഒഴിവിൽ 60% മാർക്കോടെ ഹിന്ദി എംഎ ബിരുദവും ഡിഗ്രി തലത്തിൽ ഇംഗ്ലീഷും ഹിന്ദിയും പഠിച്ച് ഇതിൽ 50% മാർക്കും ഉള്ളവർക്കാണ് അർഹത. ബിരുദവും കമ്പനി സെക്രട്ടറി യോഗ്യതയുമുള്ളവർക്ക് കമ്പനി സെക്രട്ടറി ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ എഐസിടിഇ/ യുജിസി അംഗീകാരമുള്ള സ്ഥാപനത്തിൽ റെഗുലർ ആയി പഠനം നിർവഹിച്ചവരുമായിരിക്കണം. പട്ടിക/ ഭിന്നശേഷി വിഭാഗത്തിലെയും അപേക്ഷകർക്ക് നേരത്തെ പറഞ്ഞ മാനദണ്ഡത്തിൽ മാറ്റമില്ലാതെ 55% മാർക്ക് മതി. ഓഗസ്റ്റ് 31നകം പരീക്ഷഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
30-4-2026 തീയതി കണക്കാക്കി പരമാവധി 30 വയസ്സ് കവിയരുത്. പിന്നാക്ക/പട്ടിക/ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സിന്റെ ഇളവുണ്ട്. ഭിന്നശേഷിക്കാരിൽ ഒബിസി/ പട്ടിക വിഭാഗക്കാർക്ക് യഥാക്രമം നാൽപത്തിമൂന്ന്/ നാൽപത്തി അഞ്ച് വയസ്സ് വരെ അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃതമായ ആനുകൂല്യം ഉണ്ട്.
ഓൺലൈൻ കംപ്യൂട്ടർ പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുന്നത്.
തിരഞ്ഞെടുക്കപ്പെട്ടവർ ഒരു വർഷം മാനേജ്മെന്റ് ട്രെയിനി ആയി ജോലി ചെയ്യണം. ഈ സമയത്ത് 60,000 രൂപ മാസത്തിൽ ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ഇ 1 ഗ്രേഡിൽ ഓഫിസർ ആയി നിയമനം നൽകും. ശമ്പള സ്കെയിൽ 60,000 -1,80,000 രൂപ. കൂടാതെ ഡിഎ, പിഎഫ്, ഗ്രാറ്റുവിറ്റി, വീട്ടുവാടക അലവൻസ് തുടങ്ങിയവ ഉൾപ്പെടെ ഒരു വർഷം 16-17 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
പരീക്ഷ കേന്ദ്രങ്ങൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല. അപേക്ഷയിൽ നാലു സ്ഥലങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ കാണിക്കാം. കൊച്ചി/ തിരുവനന്തപുരം സെന്റർ ലഭിക്കും. അപേക്ഷ ഫീസ് നികുതി ഉൾപ്പെടെ 1180 രൂപ. പട്ടിക/ ഭിന്നശേഷി/ കോൾ ഇന്ത്യ ലിമിറ്റഡ് ജീവനക്കാർ എന്നിവർക്ക് ഫീസ് ഇല്ല. വിവരങ്ങൾക്ക്: www.coalindia.in

